Thursday, 19 January 2017

ജോമോന്റെ സുവിശേഷങ്ങൾ:review

"ജോമോന്റെ സുവിശേഷങ്ങൾ 
RETROSPECT

✦ചില സിനിമാപ്പേരുകൾ അങ്ങനെയാണ്‌. അവ പ്രേക്ഷകരെ സിനിമയിലേക്ക്‌ വളരെയധികം ആകർഷിക്കുവാനിടയാക്കുന്നു. മലയാളത്തിന്റെ പ്രിയ യുവതാരം ദുൽഖർ സൽമാൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ കാര്യമെടുത്താലും സംഗതി വ്യത്യസ്തമല്ല. "ജോമോന്റെ സുവിശേഷങ്ങൾ"

■കുടുംബചിത്രങ്ങൾ എന്നുകേൾക്കുമ്പോൾ നാമോരോരുത്തരുടേയും മനസ്സിൽ ഏറ്റവുമാദ്യം വന്നെത്തുന്ന പേരാണ്‌ 'സത്യൻ അന്തിക്കാട്‌.' അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സഞ്ചാരപഥം മിക്കപ്പോഴും ഒരേദിശയിലായിരിക്കും. എന്നാൽ കാലനുസൃതമായ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ടുള്ള ആവിഷ്കാര ശൈലിയാണ്‌ അദ്ദേഹം അവലംബിക്കാറുള്ളത്‌. ഓരോ സത്യൻ അന്തിക്കാട്‌ ചിത്രങ്ങളും, 'വീട്ടുകാര്യങ്ങൾ' പോലെയാണ്‌ മലയാളി പ്രേക്ഷകന്‌ അനുഭവപ്പെടാറുള്ളത്‌. ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറത്തിന്റെ രചനയിൽ അദ്ദേഹമൊരുക്കുന്ന ഈ ചിത്രം, ഇന്ത്യയൊട്ടാകെ ഇന്ന് പ്രദർശനമാരംഭിച്ചു.

■ചിത്രത്തിന്റെ ക്ലൈമാക്സ്‌ രംഗത്തെ, ദുൽഖറിന്റെ പ്രകടനം കണ്ടപ്പോൾ താൻ 'കട്ട്‌' പറയാൻ മറന്നുപോയെന്ന് സത്യൻ അന്തിക്കാട്‌ ഒരഭിമുഖത്തിൽ പറഞ്ഞത്‌, വാർത്തകളിൽ ഇടം നേടിയിരുന്നു. ഈ പ്രസ്താവന മിക്കവർക്കും വലിയ പ്രതീക്ഷകൾ നൽകിയിരുന്നു. ഹാസ്യപ്രാധാന്യമുള്ള ചിത്രമായിരിക്കുമിതെന്ന് മുൻപ്‌ വാർത്തകളിലുണ്ടായിരുന്നു. 158 മിനിറ്റുകളാണ്‌ ചിത്രത്തിന്റെ ദൈർഘ്യം.

»SYNOPSIS 
■സമ്പന്നകുടുംബത്തിൽ ജനിച്ച യുവാവാണ്‌ ജോമോൻ. എം.ബി.എ പഠനം കഴിഞ്ഞ്‌, അലസനായി ജീവിതം നയിക്കുന്ന ജോമോന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങളാണ്‌ ചിത്രത്തിന്റെ കഥാപശ്ചാത്തലം.

👥CAST & PERFORMANCES 
■ടൈറ്റിൽ കഥാപാത്രമായ ജോമോനെ അവതരിപ്പിക്കുന്നത്‌ ദുൽഖർ സൽമാൻ. സരസമായി സംസാരിക്കുന്ന, ലക്ഷ്യബോധമില്ലാത്ത കഥാപാത്രമായിരുന്നു. ദുൽഖർ സൽമാൻ എന്ന നടനെ സംബന്ധിച്ചിടത്തോളം മുൻ വേഷങ്ങളിൽ നിന്നും വേറിട്ടൊരു ചുവടുവെയ്പ്പ്‌ എന്നും ഈ കഥാപാത്രത്തെ വിശേഷിപ്പിക്കാവുന്നതാണ്‌. നായകന്റെ സുഹൃത്ത്‌ മുഷ്‌താഖ്‌ എന്ന കഥാപാത്രത്തെ ജേക്കബ്‌ ഗ്രിഗറി അവതരിപ്പിച്ചു

■കാതറിൻ, വൈദേഹി എന്നീ കഥാപാത്രങ്ങളെ യഥാക്രമം അനുപമ പരമേശ്വരൻ, ഐശ്വര്യ രാജേഷ് എന്നിവർ അവതരിപ്പിക്കുന്നു. രണ്ടുപേരുടേയും പ്രകടനങ്ങൾ ശരാശരി. ജോമോന്റെ പിതാവ്‌ വിൻസന്റ്‌ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ മുകേഷ്‌. ഏറെ പ്രാധാന്യമുള്ള വേഷമായിരുന്നു. ഇമോഷണൽ രംഗങ്ങളിലും ഹാസ്യപ്രധാനരംഗങ്ങളിലും മിതത്വം പാലിച്ചു. 

■സേതുലക്ഷ്മിയമ്മ അവതരിപ്പിച്ച, പി.സി മറിയാമ്മ കഥാപാത്രം രസകരമായിരുന്നു. ലാലി എന്ന കഥാപാത്രത്തെ, സത്യൻ അന്തിക്കാട്‌ ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായ മുത്തുമണിയും, ടെസ എന്ന കഥാപാത്രത്തെ 'ഊഴ'ത്തിൽ നായകന്റെ സഹോദരിയായി വേഷമിട്ട രസ്ന പവിത്രനും അവതരിപ്പിച്ചു. വിനു മോഹൻ, ഇന്നസെന്റ്‌, ശിവജി ഗുരുവായൂർ, ജയരാജ്‌ വാര്യർ, ഇർഷാദ് തുടങ്ങി ഒരു വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്‌.

📽TECHNICAL SIDES
■എസ്‌ കുമാറിന്റെ ഛായാഗ്രഹണം മികച്ചുനിന്നു. തൃശൂർ, തിരുപ്പൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായത്. വി.എഫ്‌.എക്സ്‌ ഉൾപ്പെടെയുള്ള സാങ്കേതികകശങ്ങൾ തൃപ്തികരമല്ല. നായകനും പിതാവും ഉപസംഹാരത്തിനു മുൻപ്‌ ടാക്സി വാഹനത്തിൽ നാട്ടിലേക്ക്‌ നടത്തുന്ന യാത്രാരംഗത്തിൽ അത്തരം അപാകതകൾ വ്യക്തമാണ്‌.

🎵🎧MUSIC & BACKGROUND SCORES
■പ്രിയസംഗീതസംവിധായകൻ വിദ്യാസാഗർ ഒരുക്കിയ നാലു ഗാനങ്ങളും ശരാശരി നിലവാരം മാത്രമേ പുലർത്തിയുള്ളൂ. റഫീഖ്‌ അഹമ്മദ്‌ ആണ്‌ ഗാനരചന നിർവ്വഹിച്ചിരിക്കുന്നത്‌. പശ്ചാത്തലസംഗീതം ചിത്രത്തോട്‌ ചേർന്നുനിന്നു.

»OVERALL VIEW
■കേട്ടുപഴകിയ പ്രചോദനതത്വങ്ങൾ തന്നെ വീണ്ടും. അലസനായ നായകന്റെ വിജയകഥ. ഒരേവാഹനത്തിൽ കയറി ഒരേ സ്റ്റോപ്പിൽ ടിക്കറ്റെടുത്തിറങ്ങുന്ന സത്യൻ അന്തിക്കാടിന്റെ ഒരു mashup എന്ന് വിശേഷിപ്പിക്കാം ഈ ചിത്രത്തെ. ക്ലീഷേകൾ നിറഞ്ഞ തിരക്കഥയും, പൂർണ്ണതൃപ്തി നൽകാത്ത ആഖ്യാനരീതിയും തന്നെ ആസ്വാദനത്തിന്‌ വിലങ്ങുതടിയായിമാറി.

■നായകന്റെ അലസത എടുത്തുകാണിക്കുന്ന ചില രംഗങ്ങൾ, കുടുംബകാര്യങ്ങൾ, വ്യക്തി ബന്ധങ്ങൾ, എന്നിവയാണ്‌ ആദ്യപകുതിയെ നയിക്കുന്നത്‌. അർഹിക്കുന്ന വേഗതയിൽത്തന്നെ കടന്നുപോയി. എന്നാൽ രണ്ടാം പകുതിക്ക്‌ താരതമ്യേന വേഗത കുറഞ്ഞിരുന്നു. എത്രയോ കാലങ്ങളായി മലയാള സിനിമകളിൽ കണ്ടുവരുന്ന അതേ കാര്യങ്ങൾ തന്നെയാണ്‌ രണ്ടാം പകുതിയും പറയുന്നത്‌. ക്ലൈമാക്സും തൃപ്തികരമായിരുന്നില്ല.

■ചിത്രത്തിലെ നായകൻ നമ്മിൽ മിക്കവരുടേയും പ്രതിനിധിയാണ്‌. കുടുംബത്തിലെ ആണ്മക്കൾക്കുള്ള കടമകളേക്കുറിച്ച്‌ സംവിധായകൻ ഓർമ്മപ്പെടുത്തുന്നു. ആശുപത്രികളിൽ നടക്കുന്ന ചികിത്സാ കൊള്ളയെ തുടക്കത്തിൽത്തന്നെ ആക്ഷേപഹാസ്യത്തിലൂടെ സംവിധായകൻ വിമർശിച്ചിരിക്കുന്നു. ക്രൈസ്തവകുടുംബങ്ങൾക്കുള്ളിലെ യഥാർത്ഥ അവസ്ഥകളുടെകളേയും ഇഴയടുപ്പത്തേയും ആദ്യപകുതിയിൽ നന്നായവതരിപ്പിച്ചിട്ടുണ്ട്‌.

■തിരുപ്പൂരിലെ ടെക്സ്‌റ്റൈൽ വ്യാപാരത്തേക്കുറിച്ച്‌ ഒരാകമാനവീക്ഷണം നൽകപ്പെട്ടതോടൊപ്പം, തമിഴ്‌നാട്ടിലെ നെയ്ത്തുകാരുടെ ചില സാഹചര്യങ്ങളും, തൊഴിൽ രീതികളും ക്യാമറയിൽ പകർത്തിയിട്ടുണ്ട്‌.

■കടുത്ത പ്രതിസന്ധികളിൻ മധ്യേയും, അവയെ തരണം ചെയ്തുകൊണ്ട്‌, ലക്ഷ്യങ്ങളിലേക്കെത്തുവാനുള്ള നായകന്റെ വേഗത വളരെ കൂടുതലായിരുന്നു. ആദ്യപകുതിയിലെ നായകന്റെ പ്രായത്തിനു ചേരാത്ത പ്രവൃത്തികൾ, രണ്ടാം പകുതിയിലെ നായകൻ ബസ്‌ ഓടിക്കൽ, നായികയുമായി രാതിസമയത്ത്‌ വീട്ടിൽ വച്ചുള്ള കണ്ടുമുട്ടൽ, തുടങ്ങി അനാവശ്യമായ ധാരാളം രംഗങ്ങൾ ചിത്രത്തിലുണ്ട്‌. ഏതാനും വാട്സ്‌ ആപ്‌ കോമഡികളും ചിത്രത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്‌.

■പെരുമാൾ എന്ന കഥാപാത്രത്തെ നായകനും, പിതാവും യാദൃശ്ചികമായി കണ്ടുമുട്ടുന്നത്‌ ന്യായീകരിക്കത്തക്കവിധത്തിൽ തിരശ്ശീലയിലെത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചില്ല. മുകേഷ്‌ അവതരിപ്പിച്ച കഥാപാത്രത്തിന്റെ 
സിഗരറ്റ്‌ വലി അൽപ്പം ഓവറായിത്തോന്നി. പാവപ്പെട്ടവരുടെ ചെറിയ സന്തോഷങ്ങളെ പുച്ഛിച്ചതും, ഹാസ്യത്തിനായി പൊന്തൻമാടയിലെ മമ്മൂട്ടിയുടെ രൂപം കാണിച്ച്‌ മറ്റൊരാളെ അപമാനിച്ചതും സത്യൻ അന്തിക്കാടിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല.

■ആദ്യഭാഗങ്ങളിലെ നർമ്മസംഭാഷണങ്ങളും, അവതരണത്തിലെ മേന്മയും, നല്ല പ്രതീക്ഷകൾ തന്നെ സമ്മാനിച്ചിരുന്നു. ശേഷമുള്ള ഭാഗങ്ങൾ അതിനോട്‌ നീതിപുലർത്തിയതുമില്ല. പതിവുപോലെ ഈ സത്യൻ അന്തിക്കാട്‌ ചിത്രത്തിലും, അശ്ലീല-ദ്വയാർത്ഥ പ്രയോഗങ്ങളുടെ സാന്നിധ്യമില്ല എന്നത്‌ ആശ്വാസകരമാണ്‌. പ്രതീക്ഷാഭാരമില്ലാതെ ചിത്രത്തെ സമീപിച്ചാൽ നിങ്ങൾ നിരാശിതരാവില്ല.

»RATING: 2.75/★★★★★



➟വാൽക്കഷണം:
■ദുൽഖറിന്റെ പെർഫോമൻസ്‌ കണ്ട്‌ സംവിധായകൻ 'കട്ട്‌' പറയുവാൻ മറന്നുപോയി സത്യൻ അന്തിക്കാട്‌ പറഞ്ഞിരുന്നല്ലോ. രണ്ടാം പകുതിയുടെ ദൈർഘ്യമേറിയപ്പോൾ ഒന്ന് 'കട്ട്‌' പറഞ്ഞിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ഞാനും ആഗ്രഹിച്ചിരുന്നു. സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ ഓർത്തു; എന്തിനാണ്‌ ഈ ചിത്രത്തിന്‌ "ജോമോന്റെ സുവിശേഷങ്ങൾ" എന്ന പേരിട്ടതെന്ന്. എല്ലാ അർത്ഥത്തിലും "ജോമോന്റെ സ്വർഗ്ഗരാജ്യം" 
Load disqus comments

0 comments